ചേർപ്പ് പഞ്ചായത്തിൽ അഗ്രോ – ഇക്കോളജി പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

പത്രക്കുറിപ്പ് | 16th October 2023

ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് അഗ്രോ – ഇക്കോളജി പ്രൊജക്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

ലോക ഭക്ഷ്യ ദിനത്തിൽ (ഒക്‌ടോബർ 16),  പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക്‌  (പാൻ) ഇന്ത്യ ചേർപ്പ് ഗ്രാമപഞ്ചായത്തും ചേർപ്പ് കൃഷിഭവനും ജൂബിലി തേവർ പാടശേഖരസമിതിയുമായി  സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന അഗ്രോ-ഇക്കോളജി പ്രൊജക്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് നിർവഹിച്ചു. രാസകീടനാശിനികളുടെയും മറ്റു കാർഷിക രാസവസ്തുക്കളുടെയും ഉപയോഗം കുറച്ചു കൊണ്ട്  ഗ്രാമപഞ്ചായത്തിലെ ചേനം തണ്ണീർത്തട മേഖലയിലെ ജൂബിലി തേവർ പാടശേഖരത്തിലും സമീപ പ്രദേശങ്ങളിലും  സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യോൽപാദനം സാധ്യമാക്കുക  എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  

തൃശ്ശൂർ: കോൾ നിലങ്ങളിലെ  രാസകീടനാശിനികളുടെയും മറ്റു കാർഷിക രാസവസ്തുക്കളുടെയും  ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിഷരഹിത കാർഷിക ബദലുകൾ പ്രചരിപ്പിക്കാനും അഗ്രോ-ഇക്കോളജി കൃഷിരീതിയിലേക്കുളള മാറ്റത്തിന് കർഷകരെ പിന്തുണക്കാനും  ലക്ഷ്യമിടുന്ന ‘ചേനം അഗ്രോ-ഇക്കോളജി പ്രൊജക്റ്റ് ‘  ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 നു ഉദ്ഘാടനം ചെയ്യപെട്ടു.  ചേർപ്പ് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ  പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവഹിച്ചു. രാസകീടനാശിനികളുടെ ഉപയോഗം കുറച്ചുകൊണ്ടുളള കൃഷിരീതികളുടെ സാധ്യതകൾ  കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണെന്നും സുജിഷ  കള്ളിയത്ത്  പറഞ്ഞു. ഈ പദ്ധതിയുടെ വിജയം വരും തലമുറയുടെ ആരോഗ്യകരമായ ജീവിതത്തിനാണ് ഉറപ്പു  നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.
 
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ജലത്തിന്റെ നിർണായക പങ്കിനെ ഓർമിപ്പിക്കുന്ന ആശയം മുന്നോട്ട് വക്കുന്ന ഈ വർഷത്തെ ലോക ഭക്ഷ്യദിനാചരണത്തെ മുൻനിർത്തിക്കൊണ്ട്, വെള്ളവും ഭക്ഷണവും ഒരുപോലെ നൽകുന്ന ആവാസവ്യവസ്ഥയായ കോൾ നിലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പാക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പാൻ ഇന്ത്യ ഡയറക്ടർ  ശ്രീ സി ജയകുമാർ സംസാരിച്ചു. ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനുവേണ്ടി കർഷകസമൂഹത്തിന്റെ കാര്യശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലാണ് പാൻ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

മാരകമായ കാർഷിക രാസവസ്തുക്കൾ  മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ  ലഘൂകരികരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സമകാലിക സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പരിസ്ഥിതി സന്തുലനത്തിൽ പ്രധാന പങ്കുവഹിക്കുന്ന തണ്ണീർത്തടങ്ങളിൽ അപകടകരമായ രീതിയിൽ രാസകീടനാശിനികൾ പ്രയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാവുകയാണ്. മാത്രമല്ല തണ്ണീർത്തടങ്ങളുടെ നിലനില്പിനും  ജൈവവൈവിധ്യത്തിനും ഇത് ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് ചേർപ്പ് ഗ്രാമപഞ്ചായത്തും ജൂബിലി തേവർ പാടശേഖരസമിതിയുമായി സഹകരിച്ച് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക്‌  (പാൻ) ഇന്ത്യ  ‘അഗ്രോ-ഇക്കോളജി പ്രൊജക്റ്റ്’  നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും പ്രൊജക്റ്റ് അവതരിപ്പിച്ചുകൊണ്ട് പാൻ ഇന്ത്യ കോഓർഡിനേറ്റർ രോഷ്നി കെ എം പറഞ്ഞു.


ഉദ്ഘാടന ചടങ്ങിൽ കേരള കർഷിക സർവകലാശാല മുൻ പ്രൊഫസർമാരായ ഡോ. എം എൽ ജ്യോതി, ഡോ. പി ബി പുഷ്പലത, ചേർപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സി ഡി മാലിനി എന്നിവർ മുഖ്യപ്രഭാഷകരായി. വിഷരഹിത കൃഷിരീതികൾ  പ്രവർത്തികമാക്കിയെങ്കിൽ മാത്രമേ  നമുക്ക് ലഭ്യമാകുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന് പ്രത്യാശിക്കാനാവൂ എന്ന് ശ്രീമതി  സി ഡി മാലിനി അഭിപ്രായപ്പെട്ടു.  മാരകമായ രാസകീടനാശിനികളുടെ ഉപയോഗം  കർഷകർക്കിടയിൽ  ഒരു ശീലമായി മാറുകയാണെന്നും  സുരക്ഷിതമായ ബദൽ കൃഷി രീതികൾ നടപ്പിലാക്കികൊണ്ട്  ആ പ്രവണതയെ ഇല്ലാതാക്കാനുളള ശ്രമങ്ങൾ അവരിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് തന്നെ നടത്തേണ്ടതുണ്ടെന്നും ഡോ. എം എൽ ജ്യോതി സൂചിപ്പിച്ചു. വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം സാധ്യമാക്കുന്നതോടൊപ്പം സംസ്കരണ വിപണന  ഘട്ടങ്ങളിലും   ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനും നമുക്കാവേണ്ടതുണ്ട്. ഭക്ഷണ സംസ്കാരത്തിലെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടും മൂല്യവർധനവിന് പരിഗണന നൽകിക്കൊണ്ടും അത് സാധ്യമാക്കാൻ ശ്രമിക്കണമെന്ന് ഡോ. പി ബി പുഷ്പലത പറഞ്ഞു. 

 
കാർഷിക രാസവസ്തുക്കളെ ആശ്രയിക്കുന്ന കൃഷിരീതികൾ ആരോഗ്യത്തിനും പരിസ്ഥിതിയുടെ നിലനിൽപ്പിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഏജൻസികൾ,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് ഘട്ടങ്ങളായാണ് രണ്ടുവർഷംകൊണ്ട് ഈ  പദ്ധതി നടപ്പിലാക്കുകയെന്ന് പാൻ ഇന്ത്യ സി ഇ ഒ എ ഡി ദിലീപ് കുമാർ അറിയിച്ചു.
 

പദ്ധതിയുടെ ലക്ഷ്യങ്ങൾ

1)     രാസവിഷങ്ങളെ ആശ്രയിക്കുന്ന കൃഷിരീതികൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും  ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിയുകഅപകടകരമായ കീടനാശിനികളുടെ ഉപയോഗം കുറച്ചുകൊണ്ടുവരിക.

2)     കാർഷിക സുസ്ഥിരത കൈവരിക്കുന്നതിനും കോൾ തണ്ണീർത്തടം സംരക്ഷിക്കുന്നതിനും  കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുമായുള്ള കാർഷിക വികസനതന്ത്രമായി അഗ്രോ-ഇക്കോളജിയെ  അംഗീകരിക്കുകയും മുൻഗണന നൽകുകയും ചെയ്യുക.

3)     കീടനാശികൾ ഉൾപ്പെടെയുള്ള കാർഷിക രാസവസ്തുക്കളുടെ  ഉപയോഗം മനുഷ്യരിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും കർഷകർഉപഭോക്താക്കൾതദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങൾസ്ത്രീകൾയുവാക്കൾവിദ്യാർത്ഥികൾ മുതലായവർക്ക് ബോധവൽക്കരണം നൽകുക. അതുവഴി രാസകീടനാശിനി ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുവാൻ അവരെ പ്രാപ്തരാക്കുക.

4)     അഗ്രോ-ഇക്കോളജി കൃഷിരീതികൾ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും തിരിച്ചറിയാനും പരിഹരിക്കുന്നതിനും കർഷക സമൂഹത്തിന്റെയും  പ്രാദേശിക ജനതയുടെയും കാര്യപ്രാപ്തി വർധിപ്പിക്കുക.

5)     കോൾ തണ്ണീർത്തടങ്ങളിൽ സുസ്ഥിരമായ അഗ്രോ-ഇക്കോളജി കൃഷിരീതിയിലേക്കുള്ള  മാറ്റം സാധ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച ഒരു യുവജന-വനിതാ സംഘത്തെ വികസിപ്പിച്ചെടുക്കുക.

പദ്ധതിയുടെ മുൻഗണനാ പ്രവർത്തനങ്ങൾ

1)     കീടനാശിനി ഉപയോഗംവെല്ലുവിളികൾഅഗ്രോ-ഇക്കോളജിയിലേക്കുള്ള മാറ്റത്തിനുള്ള അവസരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനുള്ള പഠനം.

2)     മണ്ണിലെ കാർബൺ സാനിധ്യംരാസകീടനാശിനികൾ മൂലമുള്ള മണ്ണിന്റെയും വെള്ളത്തിന്റെയും മലിനീകരണംഭക്ഷ്യ സ്രോതസുകളുടെ മലിനീകരണം  എന്നിവ വിശകലനം ചെയ്തുകൊണ്ട് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ.

3)     പ്രാദേശിക സമൂഹങ്ങളുടെ നിലനില്പിനാധാരമായ ജൈവവൈവിധ്യ സംരക്ഷണം.  ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ വിലയിരുത്തുന്നതിന് സൂചക ജീവിവർഗങ്ങൾജീവനോപാധികൾ എന്നിവയുടെ പഠനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലന പരിപാടികൾ.

4)     കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന രാസവിഷരഹിത കൃഷിരീതികളെയും  വിപണന തന്ത്രങ്ങളെയും കുറിച്ച് കർഷകരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന പരിശീലന പരിപാടികൾ.

5)     വിഷരഹിത കൃഷിരീതികലിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യഉത്പന്നങ്ങളുടെസർട്ടിഫിക്കേഷൻവിപണന തന്ത്രങ്ങൾ എന്നിവയിൽ പരിശീലനം (ബ്രാൻഡിംഗും ഓർഗാനിക് സർട്ടിഫിക്കേഷനും)

പാൻ ഇന്ത്യ ഡയറക്ടർ സി ജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ചേർപ്പ്  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ അനിത അനിലൻ, പൂത്തറയ്ക്കൽ വാർഡ് മെമ്പർ പി. സി. പ്രഹ്ലാദൻ, ചേർപ്പ് വെസ്റ്റ് വാർഡ് മെമ്പർ സുനിത ജിനു, മുത്തുള്ളിയാൽ വാർഡ് മെമ്പർ നസീജ മുത്തലീഫ്, ചേർപ്പ് ഈസ്റ്റ്‌ വാർഡ് മെമ്പർ ധന്യ സുനിൽ, തായംകുളങ്ങര വാർഡ് മെമ്പർ സിനി പ്രദീപ്, ജൂബിലി തേവർ പാടശേഖര കമ്മിറ്റി പ്രസിഡന്റ് പി. എ അബ്ദുൾ മജീദ്, ചേർപ്പ് അഗ്രികൾച്ചർ  അസിസ്റ്റന്റ് എം ജാസ്മിൻ, തണൽ ഡയറക്ടർ  എസ് രാജു  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചേനം ജൂബിലി തേവർ പാടശേഖരങ്ങളിൽ നിന്നുള്ള  കർഷകർ, കുടുംബശ്രീ പ്രവർത്തകർ, ചേർപ്പ് ഹയർ സെക്കന്ററി സ്‌കൂളിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെയും വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ തൃശ്ശൂർ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദേശീയ പൊതുതാല്പര്യ ഗവേഷണ സംഘടനയാണ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ) ഇന്ത്യ. അപകടകരമായ രാസാകീടനാശിനികളുടെയും മറ്റു കാർഷിക രാസവസ്തുക്കളുടെയും  ഉപയോഗം കുറച്ചുകൊണ്ട് അഗ്രോ-ഇക്കോളജിയിലധിഷ്ഠിതമായ സുസ്ഥിര  കൃഷിപരിപാലനം സാധ്യമാകുന്നതിനും വിഷരഹിതമായ ഭക്ഷ്യഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് കർഷകരെ പ്രാപ്തരാക്കുന്നതിനാവശ്യമായ  ഇടപെടലുകൾ നടത്തുക എന്നതാണ്  പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യം.

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _

Contact, for details : A. D. Dileep Kumar (CEO, PAN India) – 8137006352

Post a comment