ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു
പത്രക്കുറിപ്പ് | 26th September 2023

മാരകമായ രാസകീടനാശിനികൾ മൂലം ഏലം കൃഷി നേരിടുന്ന ഉല്പാദന വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും രാസവിഷങ്ങളുടെ ഉപയോഗം ക്രമേണ ഇല്ലാതാക്കി സുരക്ഷിതവും സുസ്ഥിരവുമായ ഏലം കൃഷി നടപ്പിലാക്കുന്നതിന് കർഷകരെ പ്രാപ്തരാക്കുന്നതിനുമായി വിഭാവനം ചെയ്ത, പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് ഇന്ത്യയും സാവിത്രി ട്രസ്റ്റും സംയുക്തമായി ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നടപ്പിലാക്കുന്ന ഏലം അഗ്രോഇക്കോളജി പ്രോജക്ട് അടിമാലി വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽ ഉദ്‌ഘാടനം ചെയ്തു. രാസകീടനാശിനികൾക്കും മറ്റു കാർഷിക രാസവസ്തുക്കൾക്കും പകരം അഗ്രോ-ഇക്കോളജിയിലധിഷ്ഠിതമായ സുരക്ഷിത ബദലുകൾ സ്വീകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക രീതികൾ പരിശീലിക്കാനും കർഷക സമൂഹത്തെ പ്രാപ്തരാക്കി സുസ്ഥിര ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനുള്ള അവസരങ്ങളൊരുക്കുകയുമാണ് ഈ പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്.
അടിമാലി (ഇടുക്കി): സുരക്ഷിതവും സുസ്ഥിരവുമായ ഏലം കൃഷി സാധ്യമാക്കുന്നതിനും ഇടുക്കി ജില്ലയിലെ കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. അടിമാലി വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ ഏലം കൃഷിയിടങ്ങളിൽ അപകടകരമായ രാസകീടനാശിനികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർഷങ്ങളായി തുടരുന്ന ഈ വിഷപ്രയോഗം മൂലം ജില്ലയിലെ കാർഷിക ആവാസവ്യവസ്ഥ പാടെ തകർന്നിരിക്കുകയാണ്. കര്ഷകരിലും തൊഴിലാളികളിലും പ്രദേശവാസികളും വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് കാണുവാൻ സാധിക്കും. മണ്ണും വെള്ളവും ശ്വസിക്കുന്ന വായുവും എല്ലാം മാരകമായ രാസ കീടനാശികളാൽ മലിനപ്പെട്ടിരിക്കുകയാണ്. അതിൻഫലമായി ഈ മേഖലയിലെ കാർഷിക ഉത്പന്നങ്ങളിലും മാരക കീടനാശിനികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഏലം ഉല്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ വിദേശ വിപണികളിൽ ഏലം വിൽക്കാൻ പറ്റാത്ത സാഹചര്യവും നിലവിലുണ്ട്. ഇത് കർഷകരെയും കാർഷികമേഖലയെയും ദോഷകരമായി ബാധിക്കുന്നതാണ്.
ഈ സാഹചര്യത്തിലാണ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് ഇന്ത്യയും സാവിത്രി ട്രസ്റ്റും സംയുക്തമായി ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. കാർഷിക രാസവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളേയും വെല്ലുവിളികളേയും തിരിച്ചറിയുക, അപകടകരമായ രാസകീടനാശിനികളുടെ ഉപയോഗം ക്രമേണ കുറക്കുക എന്നിവയാണ് ഈ പ്രോജക്ട് ലക്ഷ്യം വക്കുന്നത്. അടിമാലി ബ്ലോക്കിൽ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലാലെ ചെറുകിട കർഷകരെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക. ഇന്ത്യയിലെ കീടനാശിനി ഉപയോഗത്തെക്കുറിച്ചും കാർഷിക-ഭക്ഷ്യസുരക്ഷാ-പൊതുജനാരോഗ്യത്തെക്കുറിച്ചും പഠനങ്ങൾ നടത്തുന്ന പാൻ ഇന്ത്യയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി ചെറുകിട ഏലം കർഷകർക്ക് രാസവിഷരഹിത കൃഷിരീതി, വിപണന തന്ത്രങ്ങൾ എന്നിവയിൽ പരിശീലനം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ഘട്ടങ്ങളായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പാൻ ഇന്ത്യ CEO എ ഡി ദിലീപ് കുമാർ അറിയിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഷ്ലി മറിയാമ്മ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.സാവിത്രി ഫൗണ്ടേഷൻ മാനേജർ പ്രവീൺ കുമാർ അധ്യക്ഷനായ പരിപാടിയിൽ എച്ച്. ഒ. പി. സി. എൽ ഡയറക്ടർ എൻ എം കുര്യൻ ആശംസകൾ അറിയിച്ചു. സ്‌പൈസസ് ബോർഡ് കട്ടപ്പന ഫീൽഡ് ഓഫീസർ ശ്രീ അനീഷ് എം ബോർഡിന്റെ വിവിധ സ്കീമുകളെക്കുറിച്ചു സംസാരിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ‘ഏലം കൃഷി : കീടനാശിനി ഉപയോഗവും ദോഷവശങ്ങളും’ എന്ന വിഷയത്തിൽ വിദഗ്ദ ചർച്ച സംഘടിപ്പിച്ചു. പാൻ ഇന്ത്യ CEO എ ഡി ദിലീപ് കുമാർ വിഷയാവതരണം നടത്തി. സ്പൈസസ് ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എൻ എ ഷേണായി, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോ. മുത്തുസ്വാമി മുരുകൻ, കേരള കാർഷിക സർവകലാശാല പ്രൊഫസറും മുൻ ഡീനുമായ ഡോ. മിനി രാജ്, പാൻ ഇന്ത്യ ഡയറക്ടർ സി ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പദ്ധതിയുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും
രാസകീടനാശിനികളുടെ ഉപയോഗം മനുഷ്യരിൽ വിവിധങ്ങളായ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ മുതൽ ദീർഘകാല-മാരക രോഗാവസ്ഥകളായ അർബുദം, പ്രത്യുല്പാദന തകരാറുകൾ, ജനിതക പരിവർത്തനങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഇവയുടെ നിരന്തരമായ ഉപയോഗം നമ്മുടെ മണ്ണിന്റെ ഫലഭൂയിഷ്ടിയെ ഇല്ലാതാക്കാൻ മാത്രമല്ല ഭക്ഷ്യ വിഭവങ്ങളുടെ ഗുണനിലവാരമില്ലായ്മയ്ക്കും രോഗാതുരമായ പരിസ്ഥിതിക്കും കാരണമാകുന്നു.
മണ്ണ്, ഭക്ഷ്യ ഉൽപന്നങ്ങൾ, ഭൂഗർഭജലം എന്നിങ്ങനെ മനുഷ്യരക്തത്തിലും മുലപ്പാലിലും വരെ മാരകമായ കീടനാശിനികളുടെ അവശിഷ്ടങ്ങൾ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. കേരള സർക്കാരിന്റെ 48-ാമത് “സേഫ് ടു ഈറ്റ്” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രാദേശിക വിപണികളിൽ നിന്ന് എടുത്ത പച്ചക്കറി, സുഗന്ധവ്യഞ്ജന സാമ്പിളുകളിൽ ഒന്നിലധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം കീടനാശിനി സാന്നിധ്യം മൂലം ആഭ്യന്തര കയറ്റുമതി – വിപണികളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഏലം പരാജയപ്പെടുന്നു. ഇത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പല വിദേശ രാജ്യങ്ങളും കീടനാശിനി അവശിഷ്ടങ്ങൾ കൂടുതലുള്ള ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടു വ്യാപാര നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഈ സമകാലിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക സാമൂഹിക സാമ്പത്തിക രംഗത്ത് അവയുണ്ടാക്കുന്ന ദോഷകരമായ പ്രവണതകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാവശ്യാമായ സത്വരമായ ഇടപെടലുകൾ നടത്തേണ്ടത് ഏറ്റവും അനിവാര്യമായിട്ടുമുള്ള സംഗതിയാണ്.
ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, സുരക്ഷിതവും സുസ്ഥിരവുമായ ഏലം കൃഷി സാധ്യമാക്കുന്നതിനും പാരിസ്ഥിതിക ആരോഗ്യം സംരക്ഷിച്ചുകൊണ്ടു മുന്നോട്ടു പോകുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിത്തറയിടുന്ന അഗ്രോ-ഇക്കോളജി പ്രോജക്റ്റ് ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. വിവിധ ഹ്രസ്വ-ദീർഘകാല പ്രവർത്തനങ്ങളിലൂടെ ഘട്ടം ഘട്ടമായി രാസവിഷരഹിത കൃഷി പരിപാലിക്കുന്നതിനു കർഷകരുടെ കാര്യപ്രാപ്തി വർധിപ്പിക്കാനുതകുന്ന ശ്രമങ്ങളാണ് ഇതിലൂടെ മുന്നോട്ട് വക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും അഗ്രോഇക്കോളജി കാർഷിക രീതിയുമായി ബന്ധപ്പെട്ട വിവിധ വിഷയവിദഗ്‌ധരുടെയും സഹകരത്തോടെ, ചെറുകിട ഏലം കർഷകരെ രാസവിഷരഹിത കൃഷി നടപ്പിലാക്കുന്നതിനും പ്രാദേശിക വിദേശ വിപണികളിൽ മെച്ചപ്പെട്ട വിലയിൽ ഏലം സുഗമമായി വിൽക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും അതുവഴി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഈ പ്രൊജക്റ്റ് വിഭാവനം ചെയ്യുന്നത്.
പ്രൊജക്റ്റ് പ്രവർത്തനങ്ങൾ
1. പങ്കാളിത്ത ഗവേഷണത്തിലൂടെ കീടനാശിനി ഉപയോഗം, വെല്ലുവിളികൾ, അഗ്രോ ഇക്കോളജി രീതിയിലേക്ക് മാറുന്നതിനുള്ള അവസരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനുള്ള പഠനം
2. മണ്ണിലെ കാർബൺ, രാസ കീടനാശിനികളുടെ സാന്നിധ്യം, മലിനീകരണം, ഏലക്കയിലെ കീടനാശിനി അവശിഷ്ടങ്ങൾ മുതലായവ വിശകലനം ചെയ്യുക.
3. മണ്ണിന്റെയും കാർഷിക ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ കർഷകർക്ക് പരിശീലനം നൽകുക. വിവിധ പരിശീലന പരിപാടികളിലൂടെ രാസവിഷരഹിത കൃഷി നടപ്പിലാക്കുന്നതിന് കർഷരെ പ്രാപ്തരാക്കുക.
4. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുതകുന്ന ജൈവ കൃഷിരീതികൾ, വിപണന തന്ത്രങ്ങൾ എന്നിവയിൽ കർഷകർക്ക് വിദഗ്ധ മാർഗ നിർദ്ദേശങ്ങൾ ലഭ്യമാക്കുക.
5. വിഷരഹിത കാർഷിക രീതികൾ പ്രചരിപ്പിക്കുന്നതിനായി അഗ്രോ എക്കോളജിയിലധിഷ്ഠിതമായ ഒരു മാതൃകാതോട്ടം പരിപാലിക്കുക.
6. വിപണന സാധ്യതകളെയും വെല്ലുവിളികളെയും പഠനവിധേയമാക്കി ഗ്രേഡിംഗിലും സർട്ടിഫിക്കേഷനിലും പരിശീലനം നൽകുക, മെച്ചപ്പെട്ട വിലയിൽ ഏലം സുഗമമായി വിൽക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക.
7. ഒരു അംഗീകൃത സർട്ടിഫിക്കേഷൻ ഏജൻസി മുഖേന ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് സർക്കാർ അംഗീകൃത പാർട്ടിസിപ്പേറ്ററി ഗ്യാരണ്ടി സിസ്റ്റം ഓഫ് സർട്ടിഫിക്കേഷൻ (പിജിഎസ്) നൽകുന്നതിനുള്ള സേവനങ്ങൾ ലഭ്യമാക്കുക.
Recent Posts
- Booklets on Highly Hazardous Pesticides and Weedicides in India released
- National Symposium Demands Ban of Highly Hazardous Pesticides in India
- Village leaders in Yavatmal commits to stop using pesticides and advance non chemical farming practices
- TWO-DAY TOT WORKSHOP AND SURVEY REPORT PRESENTATION
- Stakeholder’s Consultation Workshop